തിരുവനന്തപുരം:കേരളത്തെ അതി ദാരാദ്ര്യമുക്തമായി നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. കുടുംബശ്രീയുടെ സർവേയിലൂടെ മൂന്ന് വർഷം മുൻപ് അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ ശേഷിക്കുന്ന 59,277 കുടുംബങ്ങളെയാണ് പദ്ധതികളിലൂടെയും സഹായവും പിന്തുണയും വഴിയും ദാരിദ്ര്യമുക്തമാക്കുന്നതെന്ന് മന്ത്രിമാരായ എം.ബി രാജേഷും വി ശിവൻകുട്ടിയും അറിയിച്ചു. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദാരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്. സർക്കാർ സംവിധാനങ്ങളും വകുപ്പുകളും സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്ന പ്രവർത്തനത്തിലൂടെയാണ് ഇത്രയും പേരെ അതിദാരിദ്ര്യമുക്തമാക്കിയത്. ആയിരം കോടിയിൽപരം രൂപയാണ് ഇതിനായി ചെലവഴിച്ചത്.


