പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങൾ തുടങ്ങിയവയെ അവഹേളിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായാണ് ബില്ല്. ദേശീയ ഗാനത്തിന് നൽകുന്ന നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിന് നൽകുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ വമ്പൻ മാറ്റങ്ങളോടെയാണ് ഭരണപ്രതിപക്ഷങ്ങൾ വീണ്ടും സഭയ്ക്കകത്ത് ഒത്തുചേരാൻ പോകുന്നത്. കൂറുമാറ്റങ്ങളും, ലയനവും, പിളർപ്പും പുതിയ സഖ്യങ്ങളും രൂപീകരിക്കപ്പെട്ടിരിക്കുന്നു. മൂന്നാം മോദി സർക്കാർ മുൻപൊരിക്കലും ഇല്ലാത്ത വിധം ശക്തി പ്രാപിച്ചുകഴിഞ്ഞു. കണക്കുകൾ ഇനി അവർ വിരലനക്കുന്ന ഇടത്തേക്ക് നീങ്ങുന്ന അവസ്ഥയിലാണ് പാർലമെന്റ് വീണ്ടും ചേരുന്നത്. പാർലമെൻറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തി നിൽക്കുകയാണ് ബിജെപിയും എൻഡിഎ യും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം: നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം


