ഓപ്പറേഷൻ അമിസ്റ്റാഡ്: വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ

ഭൂകമ്പം ദുരിതം വിതച്ച വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു. അമിസ്റ്റാഡ് എന്നാൽ സ്പാനിഷിൽ സൗഹൃദം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു. ഭൂകമ്പത്തിൽ 188 മരണം സ്ഥിരീകരിച്ചിരുന്നു. 1500 ൽ അധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. തുറമുഖ നഗരമായ ലാഗയ്റയിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടെ 250 ലേറെ കെട്ടിടങ്ങൾ തകർന്നു. ഇരുനൂറിലധികം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേർക്കുള്ള തെരച്ചിൽ തുടരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *