കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ ഭൂരിഭാഗം പേരും കാത്തിരിക്കുന്നത് പ്രിയദര്‍ശിനിക്കായാണ്. കാലുകുത്താന്‍ സ്ഥലമില്ലാതെയാണ് ഒരോ ബസിന്റെയും യാത്ര. നഗരപരിധി കഴിഞ്ഞാല്‍ തിരക്ക് കൂടും.ഇരിക്കാന്‍ സീറ്റില്ലെന്ന് ചില പുരുഷന്മാര്‍ക്ക് പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഒരു മാസക്കാലയളവില്‍ കണ്ടത് സ്ത്രീകളുടെ ഇന്നേവരെയില്ലാത്ത സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും


