ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന് നിർദേശം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോൾ താഴ്ന്നു പറന്നതാണെന്നാണ് കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. സംഭവത്തിൽ പമ്പ പൊലീസ് കേസ് എടുത്തു. നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അതീവ സുരക്ഷാ മേഖലയാണ്. മുമ്പൊരിക്കലും ഏതെങ്കിലും ഒരു സേന അനുമതി കൂടാതെ വ്യോമനിരീക്ഷണം ഇവിടങ്ങളിൽ നടത്തിയിട്ടില്ല. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്ത് വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശബരിമല ശ്രീകോവിലിന്‍റെ ഉൾപ്പെടെ ചിത്രം പകർത്തിയതായി സംശയമുണ്ട്.
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്


