കൊച്ചി∙ ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ നാല് ഡെലിവറി ഹബ്ബ് ഇൻചാർജുമാർക്കെതിരെ കേസ്. 332 മൊബൈൽ ഫോണുകളാണ് ഇവർ കൈക്കലാക്കിയത്. ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം വിലാസങ്ങളിലേക്ക് ഓർഡർ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്ന് രേഖകളിൽ കാണിക്കുകയാണ് തട്ടിപ്പിന്റെ രീതി. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.


