കോയമ്പത്തൂർ: ഈ മാസം 19 ന് (മറ്റന്നാൾ -ബുധനാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും. തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവ കൃഷിയിൽ വൈദഗ്‌ദ്ധ്യം നേടിയ 50 ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും. മറ്റന്നാൾ (ബുധനാഴ്ച) കോയമ്പത്തൂരിലെ കൊഡീഷ്യ കോംപ്ലക്സിലാണ് ജൈവ കർഷക സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി 3,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നവംബർ 19 ബുധനാഴ്ച ഉച്ചയ്‌ക്ക് 12 മുതൽ വൈകുന്നേരം 4 വരെ അവിനാശി റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.


