കോട്ടയം: കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി കോണത്താറ്റ് പാലം. കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 20) വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് പുതിയ പാലം. 12.5 മീറ്റർ നീളമുള്ള മൂന്ന് ലാൻഡ് സ്പാനുകൾ ഉൾപ്പെടെ ആകെ 107.1 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്.


