യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് സതേൺ കേരള ഇക്കോണമിക് കോറിഡോർ പ്രഖ്യാപിച്ചു. ഇതിനായി അമ്പത് കോടി വകയിരുത്തി. നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയും പ്രഖ്യാപിച്ചു. ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിന് ഇരുന്നൂറ് കോടി രൂപ വകയിരുത്തി. കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.
വിസ്മയ ബജറ്റ്: വൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്


